Deuteronomy 6

നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുക

1 2നിങ്ങളെ പഠിപ്പിക്കുന്നതിനായി നിങ്ങളുടെ ദൈവമായ യഹോവ എന്നോടു കൽപ്പിച്ചിട്ടുള്ള കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഇവയാകുന്നു. നിങ്ങൾ യോർദാൻനദികടന്ന്, അവകാശമാക്കാനിരിക്കുന്ന ദേശത്തു വാസം ആരംഭിക്കുമ്പോൾ നിങ്ങളും നിങ്ങളുടെ മക്കളും അതിനുശേഷം അവരുടെ മക്കളും ഈ കൽപ്പനകൾ അനുസരിക്കുകയും നിങ്ങളുടെ ദൈവമായ യഹോവയെ ആയുഷ്പര്യന്തം ഭയപ്പെടുകയും വേണം. ഇങ്ങനെ നിങ്ങൾ അവിടത്തെ ഉത്തരവുകളും കൽപ്പനകളും പ്രമാണിച്ചാൽ ദീർഘായുസ്സുള്ളവരായിരിക്കും. 3ഇസ്രായേലേ, കേൾക്ക, നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്ദാനംചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തു വളരെയധികമായി വർധിച്ചുവരേണ്ടതിനും, നിങ്ങൾ സൂക്ഷ്മതയോടെ അനുസരിച്ചു ജീവിക്കുക.

4ഇസ്രായേലേ, കേൾക്കുക, യഹോവ നമ്മുടെ ദൈവം, യഹോവ ഏകൻതന്നെ. 5നിന്റെ ദൈവമായ യഹോവയെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം. 6നിങ്ങളോട് ഇന്നു ഞാൻ കൽപ്പിക്കുന്ന ഈ വചനങ്ങൾ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച് 7അവ നീ നിങ്ങളുടെ മക്കളോട് വീണ്ടും വീണ്ടും ഉപദേശിക്കണം. നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം. 8അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം. 9അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം.

10നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുമെന്നു നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോടു വാഗ്ദാനംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നശേഷം നിങ്ങൾ പണിതിട്ടില്ലാത്ത വലുതും സമ്പന്നവുമായ പട്ടണങ്ങളും 11നിങ്ങൾ നിറയ്ക്കാതെതന്നെ സകലസമ്പന്നതയും നിറഞ്ഞിരിക്കുന്ന വീടുകളും കുഴിക്കാത്ത കിണറുകളും നട്ടുവളർത്താത്ത മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു നൽകും. നിങ്ങൾ ഭക്ഷിച്ചു സംതൃപ്തരാകുമ്പോൾ നിങ്ങളെ 12അടിമവീടായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന യഹോവയെ മറക്കാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക.

13നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടണം; അവിടത്തെമാത്രമേ സേവിക്കാവൂ; അവിടത്തെ നാമത്തിൽമാത്രം ശപഥംചെയ്യണം. 14 15നിങ്ങളുടെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ച് നിങ്ങളെ ഭൂമുഖത്തുനിന്ന് ഉന്മൂലനംചെയ്യാതിരിക്കാൻ ചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ അന്യദേവന്മാരുടെ പിന്നാലെ നിങ്ങൾ പോകരുത്. നിങ്ങളുടെ നടുവിലുള്ള, നിങ്ങളുടെ ദൈവമായ യഹോവ തീക്ഷ്ണതയുള്ള ദൈവം ആകുന്നു. 16നിങ്ങൾ മസ്സായിൽവെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്. 17നിങ്ങളുടെ ദൈവമായ യഹോവ കൽപ്പിച്ചിട്ടുള്ള കൽപ്പനകളും അവിടന്ന് തന്നിട്ടുള്ള സാക്ഷ്യങ്ങളും ഉത്തരവുകളും നിങ്ങൾ സൂക്ഷ്മതയോടെ അനുസരിക്കണം. 18 19നിങ്ങൾ അഭിവൃദ്ധിപ്പെടേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരോടു യഹോവ ശപഥത്തോടുകൂടി വാഗ്ദാനംചെയ്ത മനോഹരമായ ഭൂപ്രദേശം ചെന്ന് അവകാശമാക്കേണ്ടതിനും യഹോവ കൽപ്പിച്ചിട്ടുള്ളതുപോലെ ശത്രുക്കളെ എല്ലാം നിങ്ങളുടെമുമ്പിൽനിന്ന് ഓടിക്കേണ്ടതിനും യഹോവയുടെ സന്നിധിയിൽ നീതിയും പ്രസാദവുമുള്ളതു ചെയ്യുക.

20“നമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ച സാക്ഷ്യങ്ങളും ഉത്തരവുകളും നിയമങ്ങളും എന്തൊക്കെ?” എന്ന് നാളെ നിങ്ങളുടെ മകൻ ചോദിക്കുമ്പോൾ 21അവനോട് ഇപ്രകാരം പറയണം: “ഞങ്ങൾ ഈജിപ്റ്റിൽ ഫറവോന്റെ അടിമകൾ ആയിരുന്നു. എന്നാൽ യഹോവ ബലമുള്ള കരംകൊണ്ട് ഞങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചു. 22ഈജിപ്റ്റിന്റെയും ഫറവോന്റെയും അവന്റെ സകലകുടുംബത്തിന്റെയുംമേൽ യഹോവ ഞങ്ങൾ കാണത്തക്കവിധം മഹത്തും ഭയാനകവുമായ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു. 23നമ്മുടെ പിതാക്കന്മാരോടു ശപഥത്തോടുകൂടി വാഗ്ദാനംചെയ്ത ദേശത്തു കൊണ്ടുവരേണ്ടതിന് ഞങ്ങളെ അവിടെനിന്നും വിടുവിച്ചു. 24നാം എപ്പോഴും അഭിവൃദ്ധിപ്പെടേണ്ടതിനും ഇന്നുള്ളതുപോലെ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിനും നമ്മുടെ ദൈവമായ യഹോവയുടെ ഈ ഉത്തരവുകളെല്ലാം ആചരിക്കണമെന്നും അവിടത്തെ ഭയപ്പെടണമെന്നും യഹോവ നമ്മോടു കൽപ്പിച്ചു. 25നമ്മുടെ ദൈവമായ യഹോവ നമ്മോടു കൽപ്പിച്ചതുപോലെ അവിടത്തെ ഈ കൽപ്പനകളെല്ലാം ശ്രദ്ധയോടെ അനുസരിക്കുമെങ്കിൽ നാം അവിടത്തെ സന്നിധിയിൽ നീതിയുള്ളവർ ആകും.”

Copyright information for MalMCV